സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ പത്രിക സമർപ്പിക്കുന്നു ; കെട്ടിവയ്ക്കാനുള്ള തുക നൽകി കോരുത്തോട് സ്വദേശി നൂറു വയസ്സുകാരനായ സ്വാതന്ത്ര്യസമര സേനാനി
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാളെ (മാർച്ച് 21) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി തഹസിൽദാർ (എൽ.ആർ) മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്.
സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം പ്രകടനമായി എത്തിയാകും താലൂക്ക് ഓഫീസിൽ പത്രിക നൽകുക.
സ്വാതന്ത്ര്യസമര സേനാനിയുടെ കൈകളിൽ നിന്ന് കെട്ടിവെക്കാനുള്ള തുക, ഈ തിരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക സ്വീകരിച്ചത്. ജില്ലയിലെ ഏറ്റവും മുതിർന്ന സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായ കോരുത്തോട് സ്വദേശി മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യരിൽ (100) നിന്നുമാണ് അദ്ദേഹം തുക ഏറ്റുവാങ്ങിയത്. നൂറിന്റെ നിറവിൽ നിൽക്കുന്ന വിപ്ലവകാരിയുടെ സാന്നിധ്യം മുന്നണി പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.