മുണ്ടക്കയം ഗ്രാമപഞ്ചായത്ത്: ആദ്യ ടേമിൽ സൂസമ്മ മാത്യു പ്രസിഡന്റാകും; രണ്ടാം ടേമിൽ റോയി കപ്പലുമാക്കൻ : വൈസ് പ്രസിഡന്റ് ആരാകുമെന്ന കാര്യത്തിൽ ഉച്ചകഴിഞ്ഞ് മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് വിരാമം. കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ധാരണയായി.
പുതിയ തീരുമാനപ്രകാരം മൈലത്തടി വാർഡിൽ നിന്നും വിജയിച്ച സൂസമ്മ മാത്യു ആദ്യത്തെ രണ്ട് വർഷം പഞ്ചായത്ത് പ്രസിഡന്റാകും. തുടർന്നുള്ള മൂന്ന് വർഷം റോയി കപ്പലുമാക്കൻ ആയിരിക്കും പ്രസിഡന്റ് സ്ഥാനം വഹിക്കുക.
ഭരണം ലഭിച്ചതിനെ തുടർന്ന് ഇരു നേതാക്കളെയും അനുകൂലിച്ചുകൊണ്ട് അണികൾ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ നടന്നുവന്ന ചർച്ചകൾ ഒടുവിൽ ഇന്നാണ് തീരുമാനത്തിലെത്തിയത്.
അതേസമയം, വൈസ് പ്രസിഡന്റ് ആരാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഉച്ചകഴിഞ്ഞ് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് സൂചന.