കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പൂഞ്ഞാറിൽ മാറ്റത്തിന്റെ കാറ്റ്? യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ സജി ജോസഫ് ‘തലപ്പലം സജി’ പരിഗണനയിൽ

0
05f148d5-d813-485c-9bdb-7fa9534b3bc5

പൂഞ്ഞാർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ തിരയുന്ന യുഡിഎഫ് ക്യാമ്പുകളിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ (തലപ്പലം സജി) എന്ന പേരിന് മുൻതൂക്കം. മികച്ച സംഘാടകൻ, ഭരണാധികാരി, ജനകീയ മുഖം എന്നീ നിലകളിൽ ശ്രദ്ധേയനായ സജി എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

രാഷ്ട്രീയ പാരമ്പര്യവും വിദ്യാഭ്യാസവും

പാലാ സെന്റ് തോമസ് കോളേജിൽ നിലവിലെ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി കോളേജ് യൂണിയൻ ചെയർമാനായി രാഷ്ട്രീയ പ്രവേശനം നടത്തിയ സജി, വിദ്യാഭ്യാസ രംഗത്തും ഉന്നത നിലവാരം പുലർത്തുന്നു. പൂനെ സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും (LLB) തുടർന്ന് ബിസിനസ് മാനേജ്മെൻ്റിൽ (MBA) ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഭരണമികവിന്റെ കരുത്ത്

ഇരുപത്തിനാലാം വയസ്സിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ അദ്ദേഹം, പഞ്ചായത്തിനെ വികസനത്തിൻ്റെ പാതയിൽ നയിച്ച മികച്ച ഭരണാധികാരി എന്ന നിലയിൽ പേരെടുത്തു. കഴിഞ്ഞ 28 വർഷമായി തലപ്പലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായും യുഡിഎഫ് ചെയർമാനായും പ്രവർത്തിച്ചുവരുന്ന അദ്ദേഹം, ജനങ്ങളുമായുള്ള അടുത്ത ബന്ധം നിലനിർത്തുന്ന നേതാവാണ്.

സഹകരണ മേഖലയിലെ വിസ്മയം

തകർച്ചയിലായ ബാങ്കുകൾക്കിടയിൽ തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബാങ്കാക്കി മാറ്റിയതിന് പിന്നിൽ സജി ജോസഫിൻ്റെ ദീർഘവീക്ഷണമാണ്. തുടർച്ചയായി സംസ്ഥാന സർക്കാരിൻ്റെ മികച്ച ബാങ്കിനുള്ള പുരസ്കാരം നേടിയ ഈ സ്ഥാപനം ഇന്ന് ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് പദവിയിലാണ്.

ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകം

പദവികളേക്കാൾ പ്രസ്ഥാനത്തിന് മുൻഗണന നൽകുന്ന സജി, മുൻപ് കേരള കോൺഗ്രസ് വാഗ്ദാനം ചെയ്ത പല ഉന്നത സ്ഥാനങ്ങളും നിരസിച്ച ചരിത്രവുമുണ്ട്. “എനിക്ക് കോൺഗ്രസിൻ്റെ പഞ്ചായത്ത് മെമ്പർ സ്ഥാനം മതി” എന്ന നിലപാട് അദ്ദേഹത്തിൻ്റെ ആദർശ ദാർഢ്യത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൊണ്ണൂറുകളിൽ ഇടതുപക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന തലപ്പലത്ത് യുഡിഎഫ് വിജയക്കൊടി പാറിച്ച അദ്ദേഹത്തെ, പൂഞ്ഞാർ തിരിച്ചുപിടിക്കാനുള്ള ‘തേരാളി’യായാണ് അണികൾ കാണുന്നത്. മതേതരത്വത്തിന് പ്രാധാന്യമുള്ള പൂഞ്ഞാർ മണ്ഡലത്തിൽ സജി ജോസഫിന്റെ സ്ഥാനാർത്ഥിത്വം വലിയൊരു വിഭാഗം വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed