കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്സ്- സർവ്വീസ് മെൻ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട സ്ഥലത്ത് പിടിക്കാൻ കൂട് വെച്ച വനം വകുപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കിട്ടാഞ്ഞതിനാൽ കൂട് തിരിച്ചു നൽകാനുള്ള തീരുമാനത്തിൽ

2ab8cfb9-86da-4741-84d2-b95f58f1dbd9.jpg

ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്സ്- സർവ്വീസ് മെൻ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട സ്ഥലത്ത് പിടിക്കാൻ കൂട് വെച്ച വനം വകുപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കിട്ടാഞ്ഞതിനാൽ കൂട് തിരിച്ചു നൽകാനുള്ള തീരുമാനത്തിൽ. കൂട് സ്ഥാപിച്ച റബർ തോട്ടത്തിന് അടുത്ത് കഴിഞ്ഞ ദിവസം നിരീക്ഷണത്തിനിടെ പമ്പാ നദിയുടെ തീരത്തിന് അടുത്തു കൂടി പുലി പോകുന്നത് വനം വകുപ്പിന്റെ പട്രോളിംഗ് സംഘം കണ്ടിരുന്നു എന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ഇതേതുടർന്ന് വീണ്ടും നിരീക്ഷണം തുടർന്നിരുന്നു. എന്നാൽ കൂടിന്റെ പരിസരങ്ങളിൽ എങ്ങും ഇതുവരെയും പുലിയെ കണ്ടിട്ടില്ല. കൂടിന് സമീപം വെച്ച നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിലും ദൃശ്യങ്ങൾ ഇല്ലന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറയുന്നു. ഇതോടെ പുലിയെ പിടിക്കാനുള്ള കൂട് തിരിച്ചു നൽകേണ്ട സ്ഥിതിയിൽ ആണ് വനം വകുപ്പ്. കൂട്ടിൽ ഇരയായി പുലിയെ ആകർഷിക്കാൻ ഒരു വളർത്തു നായയെ വെച്ചിരുന്നു. പുലിയുടെ സാന്നിധ്യം ഇല്ലന്ന് വ്യക്തമായതോടെ ഈ നായയെ കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും മാറ്റി ഉടമയെ ഏൽപ്പിച്ചിരിക്കുകയാണ്. അതേസമയം പുലി ആണോ കടുവ ആണോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. ഇതേ സ്ഥലത്ത് റബർ ടാപ്പിംഗ് നടത്തുമ്പോൾ ആണ് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടെന്ന് അറിയിച്ചത്. പുലി ആണെന്ന് ഇയാൾ ഉറപ്പിച്ചു പറയുകയും തുടർന്ന് സ്ഥലം പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെയും കടുവയുടെയും സമാനമായ കാൽപാടുകൾ ബോധ്യമായതോടെ ആണ് പിടിക്കാൻ കൂട് വെച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, പഞ്ചായത്ത്‌ ജനപ്രതിനിധികൾ എന്നിവർ കൂട് വെയ്ക്കുമ്പോൾ എത്തിയിരുന്നു. ഒപ്പം ക്യാമറ നിരീക്ഷണം, 40 അംഗ വനപാലകരുടെ ടീമിന്റെ പട്രോളിംഗ് എന്നിവ ഏർപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ പഞ്ചായത്ത്‌ തല ജാഗ്രത സമിതി യോഗം ചേർന്ന് പ്രദേശത്തെ തോട്ടങ്ങൾ, പറമ്പുകൾ എന്നിവിടങ്ങളിലെ കാടുകൾ വെട്ടാനും നടപടി തുടങ്ങിയിരുന്നു. കൂട് വെക്കുകയും പട്രോളിംഗ് ആരംഭിക്കുകയും ഇതോടൊപ്പം നാട്ടിലെ സ്ഥലങ്ങളിലെ കാടുകൾ നീക്കാനും തുടങ്ങിയ ശേഷം പുലി ഉൾപ്പെടെ ഏതെങ്കിലും വന്യ ജീവിയെ നാട്ടിലെ ആരും കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടില്ലന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ആണ് കൂട് തിരിച്ചു നൽകേണ്ട സാഹചര്യം ആയിരിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഇനി നിരീക്ഷണം മാത്രമാക്കി പുലിയോ വന്യ ജീവികളോ ഇല്ല എന്ന് ഉറപ്പായാൽ കൂട് തിരിച്ചു വനം വകുപ്പിന് നൽകുമെന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.

You may have missed