“മുണ്ടക്കയത്ത് സിനിമാ സ്‌റ്റൈൽ ചേസിംഗ്; കരുനാഗപ്പള്ളി വധക്കേസ് പ്രതികൾ കുടുങ്ങി; പിക്ക് അപ്പിൽ പിന്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ! കുടുക്കിയത് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ ജെ യുടെ ധീരത.”
കൊല്ലം കരുനാഗപ്പള്ളിയെ ഞെട്ടിച്ച ‘അലുവ അതുൽ’ കൊലപാതകക്കേസിലെ പ്രധാന പ്രതിയടക്കം നാലുപേർ മുണ്ടക്കയത്ത് വെച്ച് പിടിയിലായി. വെറുമൊരു പിടികൂടലല്ല, ഒരു പക്കാ മാസ്സ് സിനിമയെ ഓർമ്മിപ്പിക്കുന്ന നീക്കങ്ങളിലൂടെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ പ്രതികളെ വലയിലാക്കിയത്!
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ സഞ്ചരിച്ച വാഹനം മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ പെടുകയായിരുന്നു. പോലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്ന പ്രതികളുടെ വാഹനം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ തിരിച്ചറിഞ്ഞു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഒരു പിക്ക് അപ്പ് ലോറിയിൽ പ്രതികളെ പിന്തുടർന്നു.
മുണ്ടക്കയം കോസ് വേ നിന്നും പ്രതികളുടെ വാഹനം അതിവേഗത്തിൽ പാഞ്ഞു. പ്രതികളെ തടയാനായി താൻ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് ലോറി ഉപയോഗിച്ച് അവരുടെ വാഹനത്തിൽ ഇടിച്ചു നിർത്താൻ ജോൺസൺ തോമസ് ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികൾ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെ മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വെച്ച് മറ്റൊരു സ്വിഫ്റ്റ് കാറിലും ഇടിച്ചു.
അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയൽ ഭാഗത്ത് വെച്ച് കാർ ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ കാടുകളിലേക്കും മറ്റും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ജോൺസൺ AJ ഉടൻ തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയും സമീപത്തെ എരുമേലി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു.
പോലീസും നാട്ടുകാരും ചേർന്ന് പ്രദേശം വളഞ്ഞതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ പ്രതികൾ പോലീസിന് കീഴടങ്ങുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ‘ജിം സന്തോഷ്’ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ. ശനിയാഴ്ച പുലർച്ചെ കരുനാഗപ്പള്ളിയിൽ വെച്ച് കാറിലെത്തിയ സംഘം അതുലിനെ വെട്ടിക്കൊല്ലുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ അതുൽ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ധീരമായ ഈ നീക്കത്തിലൂടെ പ്രതികളെ കുടുക്കിയ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ സാർ ബിഗ് സല്യൂട്ട്!